ലൈം ഡിസീസിന് കാരണമായ ചെള്ളുകൾ ക്യുബെക്കിൽ വർദ്ധിക്കുന്നുവെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

By: 600007 On: Jun 9, 2022, 4:57 PM

സമ്മർ വരുന്നതോടെ കൂടുതൽ ആളുകൾ ഔട്ട് ഡോർ ആക്ടിവിറ്റികൾ ആരംഭിക്കുന്നതിനാൽ ചെള്ളുകൾ (tick) മൂലമുള്ള ലൈം രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ക്യുബെക്കിലെ ആരോഗ്യ വിദദ്ധർ. ലൈം ഡിസീസിന് കാരണമായ ചെള്ളുകൾ  ക്യൂബെക്കിൽ വർദ്ധിച്ചിട്ടുണ്ടെന്നും മോണ്ടെറെഗി മേഖലയിൽ സമാന കേസുകളിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതായി ക്യുബെക്ക് പബ്ലിക് ഹെൽത്ത്‌ അറിയിച്ചു.

രോഗവാഹകരായ ചെള്ളുകൾ മനുഷ്യനെ കടിക്കുമ്പോൾ ബാക്ടീരിയ രക്തത്തിലേക്ക് പ്രവേശിക്കുകയും ഇത് ക്ഷീണം, വേദന, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു. 'ബുൾസ് ഐ' പോലെ തോന്നിക്കുന്ന റാഷാണ്  (rash) ലൈം ഡിസീസിന്റെ പ്രകടമായ അടയാളം. രോഗം ബാധിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ റാഷ് അഞ്ച് സെന്റിമീറ്ററിൽ കൂടുതൽ വലുതാകും. ചികിത്സിച്ചില്ലെങ്കിൽ, ലൈം രോഗം നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. 

 ലോങ്ങ് കോവിഡ്, ലൈം ഡിസീസ് ചികിത്സയ്ക്കായി 15 പ്രത്യേക ക്ലിനിക്കുകൾ തുറക്കുമെന്ന് ക്യുബെക്ക് ഗവണ്മെന്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ചെള്ള് കടിച്ചതായി തോന്നുന്നുവെങ്കിൽ, ആദ്യം ചെള്ളിനെ നീക്കം ചെയ്യാനും ആന്റിബയോട്ടിക് നിർദ്ദേശിക്കാൻ കഴിയുന്ന ഫാർമസിസ്റ്റിനെ ബന്ധപ്പെടുവാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനമാണ് ടിക്കുകൾ വർധിക്കാനുള്ള കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ കൂടുതലായി പെറ്റുപെരുകുന്നത്. പക്ഷികൾ, എലികൾ, മാൻ പോലുള്ള മൃഗങ്ങൾ ടിക്കുകളെ വഹിക്കുന്നവയാണ്.

നീളമുള്ളതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ഹൈക്കിങ്ങിന് പോകുന്നവർ  ട്രെയിലുകൾ തന്നെ ഉപയോഗിക്കുക, പരിസരത്ത് ചെള്ള് ഉണ്ടോയെന്ന് പരിശോധിക്കുക, വനപ്രദേശങ്ങളിൽ പോയി വന്നതിന് ശേഷം ചൂടുള്ള വെള്ളത്തിൽ കുളിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ലൈം രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.