തൊഴിലാളികൾക്ക് മിഡ്‌ഡേ ബ്രേക്ക്‌ പ്രഖ്യാപിച്ച് യു.എ.ഇ

By: 600002 On: Jun 9, 2022, 2:26 AM

യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള മിഡ്‌ഡേ ബ്രേക്ക്‌ നിയമം പ്രഖ്യാപിച്ചു . ഈമാസം 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കുന്നത്.
 
യു.എ.ഇയിൽ വേനൽചൂട് 42 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
 
ഈമാസം 15 തുടങ്ങി ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിചെയ്യിക്കാൻ പാടില്ല. ഈ സമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കിയിരിക്കണം.
 
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. കഴിഞ്ഞ 18 വർഷമായി യു.എ.ഇ വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കാറുണ്ട്. സെപ്തംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക.