ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ സൈന്യം രക്ഷപെടുത്തി

By: 600002 On: Jun 9, 2022, 2:20 AM

ഗുജറാത്തിലെ ദൂതാപൂരിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസുള്ള കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ ആർമി. മുന്നൂറടി താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണത്. ബുധനാഴ്ച കളിക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽപ്പെട്ടത്.
 
നാട്ടുകാരും പൊലീസും ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെള്ളം നിറഞ്ഞ് കുഞ്ഞിന്റെ മൂക്കിനടുത്തുവരെ എത്തിയ നിലയിലായിരുന്നു.
 
തുടർന്ന് പൊലീസ്, സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിളിച്ചു. പത്ത് മിനിട്ടിനകം തന്നെ സൈന്യത്തിന്റെ രക്ഷാസംഘം ക്യാമ്പിൽ നിന്ന് പുറപ്പെട്ടു. പ്രത്യേകമായി സജ്ജീകരിച്ച കയറും കൊളുത്തും ഉപയോ​ഗിച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. അതീവ ദുഷ്കരമായ രക്ഷാദൗത്യമാണ് സൈന്യം വിജയകരമായി പൂർത്തിയാക്കിയത്.