എൻ.എച്ച് 53 നിർമാണം; നാഷണൽ ഹൈവേ അതോറിറ്റിക്ക് വേൾഡ് റെക്കോർഡ്

By: 600002 On: Jun 9, 2022, 1:54 AM

കുറഞ്ഞ സമയത്തിനുള്ളിൽ ഹൈവേ നിർമാണം പൂർത്തിയാക്കിയതിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്.  ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽയുടെ 2019 ലെ റെക്കോർഡാണ് NHAI മറികടന്നത്. ദേശീയപാത 53ന്റെ ഭാഗമായാണ് പുതുതായി റോഡ് നിർമിച്ചത്.
 
ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻ.എച്ച്.എ.ഐ യിലെ 800 ജീവനക്കാരും സ്വതന്ത്ര കൺസൾട്ടന്റുമാരുൾപ്പെടെ ഒരു സ്വകാര്യ കമ്പനിയിലെ 720 തൊഴിലാളികളുമടങ്ങുന്ന സംഘമാണ് ദൗത്യം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.
 
ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അസാധാരണ നേട്ടം കൈവരിക്കാൻ രാപ്പകൽ അധ്വാനിച്ച എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നതായും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.  കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെയാണ്  റോഡ് ബന്ധിപ്പിക്കുന്നത്.