Photo Courtesy : CP24
സ്‌കാർബറോ ഹൈസ്‌കൂളിനെതിരെ വോയ്‌സ്‌മെയിലിലൂടെ ഭീഷണി മുഴക്കിയ 13 വയസ്സുള്ള ആൺകുട്ടി പോലീസിന് കീഴടങ്ങി. ഭീഷണിയെ തുടർന്ന് അന്വേഷണത്തിനായി സ്കൂൾ തിങ്കളാഴ്ച രാവിലെ അടച്ചിട്ടിരുന്നു. ഉച്ചയ്ക്ക് 12.30ന് ശേഷമാണ് സുരക്ഷാ നടപടികൾ പിൻവലിച്ചത്.
ഗിൽഡ്‌വുഡ് ജൂനിയർ പബ്ലിക് സ്‌കൂൾ, മേപ്പിൾവുഡ് ഹൈസ്‌കൂൾ, ഈസ്റ്റ്‌വ്യൂ പബ്ലിക് സ്‌കൂൾ, പോപ്ലർ റോഡ് ജൂനിയർ പബ്ലിക് സ്‌കൂൾ, എലിസബത്ത് സിംകോ ജൂനിയർ പബ്ലിക് സ്‌കൂൾ എന്നിവയുൾപ്പെടെ സമീപത്തുള്ള നിരവധി സ്‌കൂളുകൾ മുൻകരുതൽ എന്ന നിലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ജൂൺ 3 ന് വൈകുന്നേരമാണ് ആദ്യ ഭീഷണി ഉണ്ടായതെന്ന് ടൊറന്റോ പോലീസ് പറഞ്ഞു. സ്‌കൂളുമായി യാതൊരു ബന്ധവുമില്ലാത്ത കൗമാരക്കാരൻ വൈകുന്നേരം 6:30 ഓടെ ഭീഷണിപ്പെടുത്തുന്ന രണ്ട് വോയ്‌സ്‌മെയിലുകൾ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പീൽ മേഖലയിൽ നിന്നുള്ള 13 വയസ്സുകാരൻ ചൊവ്വാഴ്ച പോലീസിന് കീടങ്ങുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതുൾപ്പെടെ രണ്ട് കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്. കുട്ടിയെ ജൂലായ് 20-ന് ടൊറന്റോ കോടതിയിൽ ഹാജരാക്കും.
ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതിനാൽ ഇത് വളരെ ഗൗരവമായി എടുക്കുമെന്ന് ടൊറന്റോ പോലീസ് കോൺസ്റ്റബിളും വക്താവുമായ ടിന-ലൂയിസ് ട്രെപാനിയർ പറഞ്ഞു.
ടൊറന്റോ പോലീസ് സർവീസ് ഇത്തരത്തിലുള്ള എല്ലാ റിപ്പോർട്ടുകളും സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ തിങ്കളാഴ്ച രാവിലെ 11:30 ന് മറ്റൊരു സ്‌കൂളിനു ലഭിച്ച ഭീഷണി സന്ദേശത്തെപ്പറ്റി പോലീസ് അന്വേഷണം തുടരുകയാണ്.