മങ്കിപോക്സ് പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ വിദേശ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ മുന്നറിയിപ്പ്. മുൻപ് വെസ്റ്റ്, സെൻട്രൽ ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന വൈറസ് ഇപ്പോൾ കാനഡ, യു.എസ്, യു.കെ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നവർ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി
യു.കെ, സ്പെയിൻ, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് സർക്കാരിന്റെ യാത്രാ അറിയിപ്പ് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് https://travel.gc.ca/
വൈറസ് പടരുന്നത് കുറയ്ക്കുന്നതിനായി യാത്രക്കാർ ഐസൊലേഷൻ നടപടികൾക്ക് വിധേയമാകാൻ സാധ്യതയുള്ളതായി പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. രാജ്യത്തിനു വെളിയിൽ പോകുന്ന ആളുകൾ രോഗബാധിതരായാൽ ഉചിതമായ പരിചരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ കാലതാമസം ഉണ്ടാകുമെന്നും ഏജൻസി അറിയിച്ചു.
മങ്കിപോക്സ് പ്രധാനമായും രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് പടരുന്നത്. പനി, തലവേദന, പേശി വേദന, ചർമ്മത്തിൽ പോക്സ് പോലുള്ള മുറിവുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ക്യൂബെക്കിൽ 90, ഒന്റാരിയോയിൽ എട്ട്, ആൽബെർട്ടയിൽ രണ്ട്, ബ്രിട്ടീഷ് കൊളംബിയയിൽ ഒന്ന് എന്നിങ്ങനെ കാനഡയിൽ ഇതുവരെ 101 ഓളം പേർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം മങ്കിപോക്സിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വയം ഐസൊലേഷൻ ചെയ്ത് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ ബന്ധപ്പെടേണ്ടതാണ്.