'നീലവെളിച്ചം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

By: 600002 On: Jun 8, 2022, 5:00 AM

വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' ചെറുകഥയെ ആസ്‌പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്. 'നീലവെളിച്ചം' എന്ന പേരില്‍ തന്നെ ഒരുങ്ങുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന അറിയിപ്പോടെയാണ് സംവിധായകന്‍ പോസ്റ്റര്‍ പങ്കുവച്ചത്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങി വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.
 
ചിത്രത്തില്‍ ബഷീറായി ടൊവിനോ തോമസ് എത്തുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്‌ക്ക് ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിങ്. 
 
നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ പുറത്തുവിട്ടായിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ഇവര്‍ ചിത്രത്തില്‍ നിന്നും പിന്മാറി. ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന നീലവെളിച്ചം സിനിമയുടെ പ്രധാന ലൊക്കേഷന്‍ തലശ്ശേരിയിലെ പിണറായിയാണ്.
 
വൈക്കം മുഹമ്മദ് ബഷീറിന്‍റെ തിരക്കഥയില്‍ 1964ല്‍ പുറത്തിറങ്ങിയ ക്ലാസിക്ക് ചിത്രം 'ഭാര്‍ഗ്ഗവീനിലയത്തിന്‍റെ' പുനരാവിഷ്‌കാരമാണ് നീലവെളിച്ചം. എ.വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ഭാര്‍ഗ്ഗവീനിലയത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പ്രേതബാധയ്‌ക്ക് കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആത്മബന്ധത്തിന്‍റെ കഥയാണ് നീലവെളിച്ചം.