ആഗോള ടെക് കമ്പനി എംഫസിസ് കാൽഗറിയിൽ പ്രവർത്തനം ആരംഭിച്ചു

By: 600007 On: Jun 7, 2022, 9:30 PM

ഇന്ത്യ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി എംഫസിസ് ചൊവ്വാഴ്ച കാൽഗറിയിൽ പ്രവർത്തനം ആരംഭിച്ചു. കാൽഗറിയിലെ ഓഫീസ് വഴി  ഏകദേശം 1,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, ആൽബെർട്ട ഗവൺമെന്റ്, കാൽഗറി ഇക്കണോമിക് ഡെവലപ്മെന്റ്  എന്നിവയുമായി സഹകരിച്ചാണ് എംഫസിസ് കാൽഗറിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. തുടക്കത്തിൽ  200 തൊഴിലവസരങ്ങളാണുണ്ടാവുക.

ക്വാണ്ടം ടെക്നോളജി വളർത്തുന്നതിനുള്ള ഹബ് ആയി മാറുവാനും ആൽബർട്ടയുടെ സാങ്കേതിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകാനുമാണ് കമ്പനിയുടെ കാൽഗറി ലൊക്കേഷൻ  വഴി ലക്ഷ്യമിടുന്നതെന്ന് എംഫസിസ് ന്യൂസ് റിലീസിൽ അറിയിച്ചു.

കാൽഗറി ഒരു ആഗോള ക്വാണ്ടം കംപ്യൂട്ടിംഗ് ഹബ്ബായി മാറാൻ ഒരുങ്ങുകയാണെന്നും സിറ്റി ഓഫ് കാൽഗറിയുടെ സംരംഭകത്വ മനോഭാവം കാരണമാണ് എംഫസിസ് കാൽഗറിയെ തിരഞ്ഞെടുത്തതെന്നും ചടങ്ങിൽ സന്നിഹിതനായിരുന്ന യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ പ്രസിഡന്റ് എഡ് മക്കോലി മാധ്യമങ്ങളോട് പറഞ്ഞു.