ബിൽ 96 മറികടക്കാൻ പദ്ധതിയിടുന്ന മോൺട്രിയൽ സ്കൂളുകൾക്ക് മറുപടിയായി നിയമം പരിഷ്കരിക്കുമെന്ന ഭീഷണിയുമായി ക്യുബെക്ക് സർക്കാർ. പുതിയ ഭാഷാ പരിഷ്കരണ ബിൽ 96 പ്രകാരം, ഇംഗ്ലീഷ് ഭാഷയിലുള്ള സി.ഇ.ജി.ഇ.പി എൻറോൾമെന്റിൽ പരിധി വച്ചിട്ടുണ്ട്. ഇതിന് ബദലായി ഒന്നിലധികം മോൺട്രിയൽ സ്കൂളുകൾ ഇപ്പോൾ ഗ്രേഡ് 12 പഠനം നൽകാൻ പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഇംഗ്ലീഷിൽ പഠനം നടത്തുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കോളേജ് റൂട്ട് പൂർണ്ണമായും ഒഴിവാക്കാനും ഒന്റാരിയോ സെക്കൻഡറി സ്കൂൾ ഡിപ്ലോമ നേടാനും കഴിയും. ഇതിനുശേഷം പ്രോഗ്രാമിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രവിശ്യയ്ക്ക് പുറത്തുള്ള മറ്റേതൊരു വിദ്യാർത്ഥികളെ പോലെ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കാൻ കഴിയും.
ഇത്തരത്തിലുള്ള പരിപാടികൾ വാഗ്ദാനം ചെയ്യുന്ന സ്കൂളുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഫ്രഞ്ച് ഭാഷയുടെ ചാർട്ടർ മറികടക്കുന്നത് ഗവണ്മെന്റിന്റെ നയമല്ലെന്നും ഇതിനെതിരായി നിയമം പരിഷ്കരിക്കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവൺമെൻറ് അറിയിച്ചു.
ഇംഗ്ലീഷിൽ പഠനം നടത്തുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബിൽ 96-ലെ പുതിയ നിയന്ത്രണങ്ങൾ മൂലം പ്രവേശനം നേടുവാൻ കഴിയുന്നില്ലെങ്കിൽ അവർക്കുള്ള ഓപ്ഷനാണ് ഗ്രേഡ് 12 പ്രോഗ്രാമുകൾ എന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്. പുതിയ നിയമം മൂലമുള്ള മിക്ക സി.ഇ.ജി.ഇ.പി നിയന്ത്രണങ്ങളും 2024 അധ്യയന വർഷത്തിലാണ് നിലവിൽ വരിക.