ഫ്ലോറിഡയിലെ പ്രൈഡ് ഇവന്റിൽ കൂട്ട വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കാനഡയിലെ ഒന്റാരിയോയിൽ 17 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. സംഭവത്തോടനുബന്ധിച്ചു വെസ്റ്റ് പാം ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്താരാഷ്ട്ര അന്വേഷണത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.
ഡൗൺടൗൺ വെസ്റ്റ് പാം ബീച്ചിൽ ഞായറാഴ്ച നടന്ന "പ്രൈഡ് ഓൺ ദി ബ്ലോക്ക്" പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളെ വെടിവയ്ക്കുമെന്ന് വീഡിയോ-ചാറ്റ് സൈറ്റായ ഒമേഗിളിലൂടെ നടത്തിയ ഭീഷണി വിഡിയോയിൽ കൈത്തോക്കുമായി കൗമാരക്കാരൻ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇയാൾ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും LGBTQ2S+ വിരുദ്ധ അഭിപ്രായങ്ങൾ പറയുകയും ചെയ്തതായി ഫ്ലോറിഡ പോലീസ് പറയുന്നു. ഭീഷണിയെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.
ഒന്റാരിയോയിലെ അറസ്റ്റിനിടെ വീഡിയോയിൽ കാണുന്ന തോക്ക് കണ്ടെടുത്തതായി കനേഡിയൻ അധികൃതർ അറിയിച്ചു. ഇയാളെ യു.എസ് പോലീസിന് കൈമാറാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ആളായതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.