സെമി ഓട്ടോമാറ്റിക് ഗണ്‍ വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ഉത്തരവിറക്കി.

By: 600084 On: Jun 7, 2022, 5:35 PM

പി പി ചെറിയാൻ, ഡാളസ്

ന്യൂയോര്‍ക്ക് : ഇരുപത്തി ഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് ഗണ്‍ വാങ്ങുന്നതില്‍ നിന്നും വിലക്കി കൊണ്ടു ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി.

മാസ്സ് ഷൂട്ടിംഗ് വര്‍ദ്ധിച്ചുവരുന്നത് തടയുക എന്ന ലക്ഷ്യം വെച്ചു ജൂണ്‍ 6 തിങ്കളാഴ്ച ഗവര്‍ണ്ണര്‍ ഒപ്പിട്ട ഉത്തരവില്‍ പത്തു പുതിയ സുര്ക്ഷാ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നു.

സമൂഹത്തിന് ഭീഷണിയാണെന്ന് കരുതുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കുന്നതിന് കോടതികള്‍ക്ക് അനുമതി നല്‍കുക, ഫയര്‍ ആമുകളില്‍ മൈക്രോസ്റ്റാപിംഗ് നടപ്പാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

അപകടകാരികളായവരില്‍ നിന്നും തോക്കുകള്‍ ഒഴിവാക്കുക എന്നതിനാവശ്യമായ ശക്തവും, ധീരവുമായ നടപടികളാണ് ന്യൂയോര്‍ക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ നിയമത്തില്‍ ഒപ്പുവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 14ന് ബഫല്ലൊ സൂപ്പര്‍മാര്‍ക്കറ്റില്‍ 18കാരന്‍ സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ചു കറുത്തവര്‍ഗക്കാരായ പത്തുപേരുടെയും, ടെക്‌സസ് സ്‌ക്കൂള്‍ ഷൂട്ടിംഗില്‍ 19 കുട്ടികളുടെയും രണ്ടു അദ്ധ്യാപകരുടെയും ജീവന്‍ അപഹരിച്ച സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിയമനിര്‍മ്മാണം ഒരു തുടക്കമാണെന്നും, കൂടുതല്‍ ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടി യു.എസ്. കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.