ബീ.സി യിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

By: 600002 On: Jun 7, 2022, 2:33 PM

 

ബീ.സി യിൽ ആദ്യ മങ്കിപോക്സ് കേസ് തിങ്കളാഴ്ച പ്രവിശ്യയിലെ ഡിസീസ് കൺട്രോൾ സെന്റർ  സ്ഥിരീകരിച്ചു. ലാബ് പരിശോധനയിലൂടെയാണ് കേസ് സ്ഥിരീകരിച്ചത്. നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ കൂടുതൽ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വൈറസ് സ്ഥിരീകരിച്ച വ്യക്തി വാൻകൂവറിലാണ് ഉള്ളതെന്നും ബി.സി.സി.ഡി.സി പറഞ്ഞു.

ഈ വർഷം മെയ് മുതൽ നിരവധി രാജ്യങ്ങളിലായി 700 ലധികം മങ്കിപോക്സ് കേസുകൾ കണ്ടെത്തിയതായി ബി.സി.സി.ഡി.സി അറിയിച്ചു. കാനഡയിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും ക്യൂബെക്കിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം അവസാനം, ബീ.സി യിൽ സാധ്യതയുള്ള രണ്ട് കേസുകൾ അന്വേഷിച്ചെങ്കിലും പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു.

രോഗബാധിതരുടെ വ്രണങ്ങളിൽ നിന്നും രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും  കിടക്കകൾ, ടവ്വലുകൾ എന്നിവ വഴിയും മറ്റൊരാളിലേക്ക് മങ്കിപോക്സ് പടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.