നോർത്ത് വെസ്റ്റ് കാൽഗറിയിൽ നായ്ക്കളുടെ ആക്രമണത്തിൽ 83 കാരിയായ സ്ത്രീ മരിച്ചു

By: 600002 On: Jun 6, 2022, 12:59 PM

നോർത്ത് വെസ്റ്റ് കാൽഗറിയിൽ മൂന്ന് നായ്ക്കളുടെ ആക്രമണത്തിൽ 83 കാരി മരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 21 അവന്യൂ(NW) 1500 ബ്ലോക്കിലെ ക്യാപിറ്റോൾ ഹിൽ ഏരിയയിൽ  ഗുരുതരമായ പരിക്കുകളോടെയാണ് വൃദ്ധയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ പാരാമെഡിക്കൽ സർവീസുകൾ പരമാവധി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇവർ വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ്   അയൽവാസിയുടെ വീട്ടിൽ നിന്നും വെളിയിലിറങ്ങിയ നായ്ക്കൾ ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഏത് ഇനത്തിൽപ്പെട്ട നായ്ക്കളാണ് വൃദ്ധയെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ  നായ്ക്കളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നാൽ ഉടമയ്‌ക്കെതിരെ ക്രിമിനൽ കുറ്റങ്ങളോ പിഴയോ ചുമത്താമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.