മെട്രോ വാൻകൂവറിൽ നിരവധി ലെക്‌സസ് ആർഎക്‌സ് 350 വാഹനങ്ങൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച 7 ലെക്സസ് കാറുകൾ വിദേശത്തേക്ക് കയറ്റി അയക്കാൻ പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്യൂബെക്ക് സ്വദേശികളായ മൂന്ന് പേരെയാണ് ഏഴ് വാഹനങ്ങൾ മോഷ്ടിച്ചതിന് ഈ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിക്കപ്പെട്ട മൂന്ന് കാറുകൾ സറേ സാൽവേജ് യാർഡിലെ ഷിപ്പിംഗ് കണ്ടെയ്‌നറിലും മറ്റ് മൂന്ന് കാറുകൾ ന്യൂ വെസ്റ്റ്മിൻസ്റ്ററിലെ ട്രക്ക് യാർഡിലും ഒരു കാർ സറേയിലെ റോഡിൽ പാർക്ക് ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.
വാഹനങ്ങൾ ആദ്യം ഈസ്റ്റേൺ കാനഡയിലേക്കും പിന്നീട് വിദേശത്തേക്കും കയറ്റി അയയ്ക്കാനുമായിരുന്നു മോഷ്ടാക്കൾ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കാനഡയിലുടനീളം കാർ മോഷണങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും കനേഡിയൻ വാഹനങ്ങൾക്ക് ഉയർന്ന വില ലഭിക്കുമെന്നതാണ് വാഹനങ്ങൾ വിദേശത്തേക്ക് കടത്തുവാൻ മോഷ്ടാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.