സ്ട്രാത്ത്മോറിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ വാർത്തയെ തുടർന്ന് പ്രദേശത്തെ മാതാപിതാക്കൾ ആശങ്കയിൽ. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ രക്ഷപ്പെടണം എന്നതിൽ മാതാപിതാക്കൾ കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് മിസ്സിംഗ് ചിൽഡ്രൻ സൊസൈറ്റി ഓഫ് കാനഡയുടെ സി. ഇ. ഒ ആയ അമാൻഡ പിക്ക് പറഞ്ഞു. തങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്ന അവസരത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളെ മനസിലാക്കണമെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു തെക്കൻ ആൽബെർട്ടയിലെ സ്ട്രാത്ത്മോറിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. സ്കൂൾ ബസ് ഡ്രോപ്പ് ഏരിയയിൽ കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ നാലു ഡോറുകളുള്ള വെള്ള ട്രക്കിലേക്ക് ബലമായി കയറ്റുകയായിരുന്നുവെന്ന് ആ.ർ.സി.എം.പി പറയുന്നു. തുടർന്ന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്ന് കുട്ടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന രണ്ട് പുരുഷന്മാർക്കായി ലോക്കൽ പോലീസ് തിരച്ചിൽ തുടരുകയാണ്.