ആൽബർട്ടയിൽ ലാബ് സർവീസുകളിൽ മാറ്റങ്ങൾ വരുന്നു. ഇതിന്റെ ഭാഗമായി ആൽബർട്ടയിലുടനീളമുള്ള അടിയന്തര ആവശ്യങ്ങൾക്കുള്ളതല്ലാത്ത ലാബുകൾ ഏറ്റെടുക്കാനൊരുങ്ങി കനേഡിയൻ കമ്പനിയായ ഡൈന ലൈഫ് മെഡിക്കൽ ലാബ്. ആൽബർട്ട ഹെൽത്ത് സർവീസസും ഡൈനലൈഫും ആൽബെർട്ട പ്രിസിഷൻ ലബോറട്ടറികളും തമ്മിലുള്ള പുതിയ സേവന കരാർ ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രവിശ്യാ ഗവണ്മന്റ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
കാൽഗറി, എഡ്മന്റൻ, റെഡ് ഡീർ, ലെത്ത്ബ്രിഡ്ജ്, മെഡിസിൻ ഹാറ്റ്, ഫോർട്ട് മാക്, ഫോർട്ട് സസ്‌കാച്വൻ, ഗ്രാൻഡെ പ്രയറി, ബ്രൂക്ക്‌സ്, ലോയ്ഡ്മിൻസ്റ്റർ, കാംറോസ്, എയർഡ്രി,കൊക്രെയ്ൻ, ഒക്കോടോക്സ്, സ്ട്രാത്ത്മോർ, ലെഡുക്ക്, ഷെർവുഡ് പാർക്ക്, സ്പ്രൂസ് ഗ്രോവ്, സെന്റ് ആൽബർട്ട് എന്നിവിടങ്ങളിലെ ലാബുകൾക്കാണ് മാറ്റങ്ങൾ വരുത്തുക. ഇതിലൂടെ പ്രവിശ്യയിൽ പ്രതിവർഷം 18 മില്യൺ മുതൽ 36 മില്യൺ ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും അത് ആരോഗ്യ സംവിധാനത്തിലേക്ക് വീണ്ടും നിക്ഷേപിക്കാമെന്നും ആൽബെർട്ട ആരോഗ്യ മന്ത്രി ജേസൺ കോപ്പിംഗ് പറയുന്നു.