എഡ്മന്റണിൽ കയോട്ടികൾ ഒരാളെ ആക്രമിച്ചു

By: 600007 On: Jun 3, 2022, 6:43 PM

എഡ്മന്റണിൽ കയോട്ടികൾ നായയുമായി നടക്കാനിറങ്ങിയ ആളെ ആക്രമിച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്‌ച്ച രാവിലെ 10 മണിയോടെയാണ് തെക്കൻ എഡ്‌മന്റണിൽ, ടെർവില്ലെഗറിലെ തിബൗൾട്ട് പാർക്കിന് സമീപം തന്റെ നായയുമായി നടന്നുപോവുകയായിരുന്ന ആളെയാണ് അഞ്ച് കയോട്ടികൾ കൂട്ടമായി ആക്രമിച്ചത്. കയോട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ അതിനെ ഭയപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആക്രമണത്തിൽ പരുക്കേറ്റയാൾ സുഖം പ്രാപിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

കയോട്ടികൾ മനുഷ്യരെ ആക്രമിക്കുന്നത് അപൂർവമാണ്. ഡെന്നിംഗ് സീസൺ സമയത്ത് കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഇവ കൂടുതൽ അപകടകാരികളാകാറുണ്ട്. നായയുടെ സാന്നിധ്യം ഉണ്ടായതും  ആക്രമണത്തിന് പ്രേരണയായതായി കരുതപ്പെടുന്നു.

ആളുകൾ നിയമവിരുദ്ധമായി കയോട്ടികൾക്ക് ഭക്ഷണം നൽകുന്നതായായി ശ്രദ്ധയിൽ പെട്ടതായി സിറ്റി അധികൃതർ അറിയിച്ചു. ഭക്ഷണം നൽകുന്നത് പ്രദേശത്ത് തുടരാൻ അവയെ പ്രേരിപ്പിക്കുമെന്നും പൊതു ജനങ്ങൾ കയോട്ടികൾക്ക് ഭക്ഷണം നല്കരുതെന്നും കയോട്ടിയുടെ സാന്നിധ്യം കണ്ടാൽ ശബ്ദം ഉണ്ടാക്കി അവയെ അകറ്റുവാൻ ശ്രമിക്കുവാനും അധികൃതർ നിർദ്ദേശിക്കുന്നു.