രുഗ്‌മിണീസ് സ്വയംവരം ഒരു അവലോകനം , ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

By: 600008 On: Jun 3, 2022, 3:21 PM

ലാസ് വേഗാസ് : വിവാഹജീവിതത്തെപ്പറ്റി സ്വപ്നം കണ്ട്‌ നിർവൃതിയടയാത്ത പെണ്കുട്ടികൾ  ചുരുക്കമായിരിക്കും. ആ മോഹങ്ങൾ പൂവണിയുന്ന  ദിവസത്തിന്റെ മനോഹാരിതയ്‌ക്കു മങ്ങലേൽപ്പിക്കുന്ന വിഹ്വലതകൾ  മനസ്സിൽ കടന്നുകയറിയാൽ, തരിപ്പണമാകുന്നത് സ്വന്തം ജീവിതമായിരിക്കും. ഇതിനു ഉപോൽബലകമായി ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടുകൾ മാറിയതിന്റെ വിജയം ഉത്‌ഘോഷിക്കുന്ന മനോഹരമായ ഒരു ഷോർട്ട് ഫിലിം ആവിഷ്കാരമാണ് ''‌ രുഗ്‌മിണീസ്  സ്വയംവരം'. 


നമ്മുടെ ഒക്കെ അനുദിന ജീവിതത്തിൽ ഒത്തിരി പേരെ കണ്ടു മുട്ടാറുണ്ട്. സൗഹൃദം കൂടാറുണ്ട്. എന്നാൽ ചുരുക്കം ചിലർ മാത്രമേ മനസ്സിൽ ഇടം നേടൂ. എന്നാൽ അടക്കിപ്പിടിച്ച പ്രേമവായ്പുകൾ ഉള്ളിലൊതുക്കി കഴിയുന്ന  രണ്ട്  യുവമിഥുനങ്ങൾ തമ്മിലുള്ള വിവാഹത്തെക്കാൾ മനോഹരമായി മറ്റൊന്നില്ല. 


വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില ആശങ്കകളും അന്ധവിശ്വാസങ്ങളും  കാരണം വിവാഹദിനത്തിൽ ആശയക്കുഴപ്പത്തിലായ രുക്മിണി എന്ന കഥാപാത്രത്തെയാണ്  ഈ കഥ ചൂണ്ടിക്കാണിക്കുന്നത്.

നായകനുമായി പ്രണയത്തിലായിരുന്നെങ്കിലും ഭയം അവളുടെ ചിന്തകളെ മൂടി, ക്ലൈമാക്‌സിൽ തന്റെ ചിന്തകൾ ശരിയല്ലെന്ന് മനസ്സിലാക്കുകയും നായകനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.അത്ര മാത്രം ലഘുവായ ഒരു സംഭവത്തെ, കലാമൂല്യമുള്ള ദൃശ്യാവിഷ്ക്കാരമാക്കാൻ, മീഡിയാ ഫാക്റ്ററിയുടെ കുടക്കീഴിൽ അണിനിരന്ന കലാകാരന്മാർക്ക് അഭിനന്ദനങൾ.

 രുക്മിണിയായി വധുവേഷമിട്ട സുന്ദരിക്കുട്ടി സ്റ്റിനി  ഫ്രാൻസിസ്, നവോഢയായ വധുവിന്റെ സകല ഭയാശങ്കകളും മുഖത്തും മനസിലും ഒളിപ്പിച്ചു ചിത്രത്തിലുടനീളം അഭിനയചാതുരി കാഴ്ചവെച്ചു. അഭിനയത്തോടൊപ്പം കഥയും സംവിധാനവും തനിക്ക് വഴങ്ങുമെന്ന്  അനൂപ് ജി  തെളിയിച്ചു. സുധാകരൻ എന്ന മധ്യവയസ്കനായി പ്രസാദ് വി, തന്റെ വാക്ചാതുര്യത്തിലാണോ അഭിനയപ്രാവീണ്യത്തിലാണോ, രുക്മിണിയെ സ്വയംവരത്തിലേക്കു നയിച്ചതെന്ന് പ്രേക്ഷകർക്ക് സംശയം ജനിപ്പിച്ചിട്ടുണ്ടാവാം. രുക്മിണി ഇനി പോകുവാനേറെ  ദൂരമുണ്ടെങ്കിലും, ഇരു കൈകൾ ചേർത്തു ചേർന്നുപോകൂ. അനൂപേ, ഇടറുന്ന പാദത്തിനു സഹായിയായും, ധൈര്യം പകർന്നു ആശ്വസിപ്പിക്കാനായി നിന്റെ ചുമലെന്നും രുക്മിണിക്കു ഒരു താങ്ങായിരിക്കട്ടെ.

അങ്ങനെ പെട്ടെന്ന് കഴിഞ്ഞുപോകുന്ന പതിനഞ്ചുമിനിട്ടിനുള്ളിൽ, മനസുമാറ്റവും പരിണയവുമെല്ലാം രുക്മിണി സ്വയം ഏറ്റെടുത്തു 'രുക്മിണി സ്വയംവരം' ആസ്വാദ്യകരമാക്കി. കൂട്ടത്തിൽ മനു ജോസെഫിന്റെ  ഹാസ്യനടനാകാനുള്ള ശ്രമവും, ലിയാ സുനിലും ജൂലി ജോമിയും സഹനടികളായി നേരിയ ചലനങ്ങൾ കഥയ്ക്കുള്ളിൽ സൃഷ്ടിക്കാൻ ശ്രമിച്ചതും മോശമായിരുന്നില്ല.

സീക്രട്ട് ഗാർഡൻ പ്രൊഡക്ഷൻ ബാനറിൽ അനൂപ് ജിയുടെ രചനയും സംവിധാനവും, ജോയൽ ജോബിന്റെ ഛായാഗ്രഹണ മികവിൽ, മിലൻ ജോണിന്റെ സംഗീതത്തിനുമൊപ്പം തേജസ് ജോസെഫിന്റെ എഡിറ്റിങ്ങിൽ "രുഗ്‌മിണീയുടെ സ്വയംവരം" നയനമനോഹരം, ആസ്വാദ്യകരം, ചിന്തനീയം. 
ഒരു കാര്യം, രുക്മിണിയ്ക്കു അവസാന നിമിഷത്തിൽ കണ്ണാടിയിലെങ്കിലും ഒരു റൊമാന്റിക് കള്ളച്ചിരി വിടർത്താമായിരുന്നു !

 Content: Review Rugmini's Swayamvaram By Dr. Mathew Joys.