ഒന്റാരിയോയിൽ ഭൂരിപക്ഷ സർക്കാരുമായി ഡഗ് ഫോർഡ് വീണ്ടും അധികാരത്തിലേക്ക് 

By: 600007 On: Jun 3, 2022, 4:44 AM

ഭൂരിപക്ഷ സർക്കാരുമായി ഒന്റാരിയോയുടെ പ്രീമിയറായി ഡഗ് ഫോർഡ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫോഡിന്റെ പ്രോഗ്രസ്സീവ് കൺസേർവേറ്റിവ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഏഴ് സീറ്റുകളിൽ കൂടി വിജയിച്ച് ആകെ 83 സീറ്റുകൾ നേടി. സർക്കാർ രൂപീകരിക്കാൻ വേണ്ട മിനിമം മെജോറിറ്റി, 63 സീറ്റുകൾ ആണ്.

ടൊറന്റോയിൽ സിറ്റി കൗൺസിലറായി എട്ട് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷം 2018ലാണ് ഫോർഡ് ആദ്യമായി പ്രവിശ്യാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ഒന്റാരിയോ ലിബറൽ പാർട്ടിയുടെ പ്രവിശ്യയിലെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചു കൊണ്ട് കാത്‌ലീൻ വിന്നിനെ പുറത്താക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

ഒന്റാരിയോ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗിക പ്രതിപക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ. 13 വർഷമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കുകയും വ്യാഴാഴ്ച ഹാമിൽട്ടൺ സെന്ററിലെ റൈഡിംഗിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ആൻഡ്രിയ ഹോർവാത്ത് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതൃ സ്ഥാനം രാജി വെച്ചു. വോൺ-വുഡ്‌റിഡ്ജിൽ തന്റെ സീറ്റ് നഷ്‌ടപ്പെടുകയും ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ഉറപ്പാക്കാൻ കഴിയാതെ വരികയും ചെയ്‌തതിനെ തുടർന്ന് ഒന്റാരിയോ ലിബറൽ പാർട്ടി നേതാവ് സ്റ്റീവൻ ഡെൽ ഡുകയും രാജിവച്ചു.