
പേരുമാറ്റത്തിനുള്ള അപേക്ഷ യു എൻ അംഗീകരിച്ചതിനാൽ തുർക്കി ഇനി അറിയപ്പെടുക ‘തുര്‍ക്കിയെ’ എന്ന്.
യു എന്‍ രേഖകളിലും ഇനി പുതിയ പേരാവും ഉണ്ടാവുക. തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ പേരുമാറ്റത്തിന് അംഗീകാരം നല്‍കിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചതായി യുഎന്‍ വക്താവ് അറിയിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ‘തുര്‍ക്കി’ എന്നതിനുപകരം ‘തുര്‍ക്കിയെ’ ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത്. കത്ത് ലഭിച്ച നിമിഷം മുതല്‍ രാജ്യത്തിന്റെ പേര് മാറ്റം പ്രാബല്യത്തില്‍ വന്നതായും വക്താവ് പറഞ്ഞു. മറ്റ് അന്താരാഷ്ട്ര സമിതികള്‍ക്കും രാജ്യങ്ങള്‍ക്കും പേര് മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ നല്‍കുമെന്നും തുര്‍ക്കിയെ ഭരണകൂടം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ പേരെന്ന് പ്രസിഡന്റ് തയ്യീപ് ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. ജനങ്ങളുടെ സംസ്‌കാരത്തെയും നാഗരികതയെയും മൂല്യങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന പേരാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളിലും ‘മെയ്ഡ് ഇന്‍ തുര്‍ക്കിയെ’ എന്ന് ചേര്‍ക്കുന്നുണ്ട്. ‘ഹെല്ലോ തുര്‍ക്കിയെ’ എന്ന പേരില്‍ ഈ വര്‍ഷം ആദ്യത്തില്‍ ടൂറിസം കാംപയിനും ആരംഭിച്ചിരുന്നു. ഇനി മുതല്‍ എല്ലാ ഭാഷകളിലും രാജ്യത്തെ വിവരിക്കാന്‍ ‘തുര്‍ക്കിയെ’ ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്റ്റേറ്റ് ഏജന്‍സികള്‍ക്ക് അവരുടെ കത്തിടപാടുകളില്‍ തുര്‍ക്കിയെ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കി.