
ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചു.ബിഹാർ സ്വദേശി ദിൽകുഷ് കുമാറാണ് കൊല്ലപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജരെ ബാങ്കിൽ കയറി വെടിവച്ചുകൊന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി 9.30നായിരുന്നു സംഭവം.
ബാങ്ക് മാനേജർ രാജസ്ഥാൻ സ്വദേശി വിജയ് കുമാർ വ്യാഴാഴ്ച രാവിലെ ഭീകരരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. മെയ് ഒന്നു മുതൽ ഇതുവരെ ആറു സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കു മുൻപാണ് കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ഭട്ടിനെ ഭീകരർ വീട്ടിൽ കയറി വെടിവച്ചുകൊന്നത്.