സ്വകാര്യത ലംഘനം; ടിം ഹോർട്ടൻസ് ആപ്പിനെതിരെ അന്വേഷണം

By: 600002 On: Jun 2, 2022, 10:43 AM

ടിം ഹോർട്ടൺസ് ഫാസ്റ്റ്ഫുഡിന്റെ  ഓർഡറിംഗ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് വലിയ അളവിലുള്ള ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ച് നിയമലംഘനം നടത്തിയതായി ഫെഡറൽ, പ്രൊവിൻഷ്യൽ പ്രൈവസി വാച്ച്‌ഡോഗുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ടിം ഹോർട്ടൻസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത ഫോണുകളിൽ ആപ്പ് ഉപയോഗിക്കാത്ത സമയത്തും  ഉപഭോക്താക്കളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുകയും റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നതായി സ്വകാര്യതാ കമ്മീഷണർമാർ പറയുന്നു.

നാഷണൽ പോസ്റ്റ് റിപ്പോർട്ടർ ജെയിംസ് മക്ലിയോഡിന്റെ ഫോണിലെ ടിം ഹോർട്ടൺസ് ആപ്പ് അഞ്ച് മാസത്തിനുള്ളിൽ 2,700-ലധികം തവണ അദ്ദേഹത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തതായി കാണിക്കുന്ന ഡാറ്റ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.സംഭവത്തിൽ ഫെഡറൽ പ്രൈവസി കമ്മീഷണർ ഡാനിയൽ ടെറിയാൻ ബ്രിട്ടീഷ് കൊളംബിയ, കുബെക്ക്, ആൽബെർട്ട എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യതാ കമ്മീഷണർമാരുമായി അന്വേഷണം നടത്തി. മൊബൈൽ ഉപകരണത്തിന്റെ ജിയോലൊക്കേഷൻ ഫംഗ്‌ഷനുകൾ ആക്‌സസ് ചെയ്യാൻ ടിം ഹോർട്ടൺസ് ആപ്പ് അനുമതി ചോദിച്ചതായി കമ്മീഷണർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ആപ്പ് ഉപയോഗത്തിലായിരിക്കുമ്പോൾ മാത്രമേ വിവരങ്ങൾ ആക്‌സസ് ചെയ്യപ്പെടൂ എന്ന്  ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും മൊബൈൽ ഓണായിരിക്കുമ്പോൾ എല്ലാസമയത്തും ഉപയോക്താക്കളെ ട്രാക്ക് ചെയ്ത് അവരുടെ ലൊക്കേഷൻ ഡാറ്റ തുടർച്ചയായി ശേഖരിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

സ്വകാര്യത സംബന്ധിച്ച അന്വേഷണത്തെ തുടർന്ന്  തേർഡ്പാർട്ടി സേവന ദാതാക്കളോട്  ശേഷിക്കുന്ന ലൊക്കേഷൻ ഡാറ്റ ഇല്ലാതാക്കാനും ആപ്പുകൾക്കായി ഒരു സ്വകാര്യത മാനേജ്മെന്റ് പ്രോഗ്രാം സ്ഥാപിക്കാനും ടിം ഹോർട്ടൻസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.