ഓട്ടവയിൽ കാർ മോഷണങ്ങൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്

By: 600002 On: Jun 2, 2022, 8:56 AM

    

 

ഓട്ടവയിൽ കാർമോഷണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രതപുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. രണ്ടാഴ്ചയ്ക്കിടെ 21 ഹോണ്ട സി.ആർ.വി കളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് ന്യൂസ് റിലീസിൽ അറിയിച്ചു. ഹോണ്ട സി.ആർ.വികളുടെ പുതിയ മോഡലുകളാണ് മോഷ്ട്ടാക്കൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രവർത്തന സമയം കഴിഞ്ഞ ശേഷം കാർ ഡീലർഷിപ്പുകളിൽ നിന്നും, ഉടമകളുടെ ഡ്രൈവ് വേകളിൽ നിന്നുമാണ് ഇപ്പോൾ  കൂടുതൽ മോഷണങ്ങൾ നടക്കുന്നതെന്ന്  സെൻട്രൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിക്റ്റക്റ്റീവ് ആയ ഡഗ് ബെലാംഗർ പറഞ്ഞു. ഈ വർഷം ഇതുവരെ 230 -ലധികം വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി ഒട്ടാവ പോലീസ് സർവീസ് പറയുന്നു. പ്രോക്സിമിറ്റി കീ ഉള്ള മോഡലുകളാണ് മോഷ്ട്ടാക്കൾ ലക്ഷ്യമിടുന്നത്.

സി.ആർ.വി കൂടാതെ, ഡോഡ്ജ് ഡുറാൻകോ, ജീപ്പ് ഗ്രാൻഡ് ഷെറോക്കി, ടൊയോട്ട ഹൈയ്‌ലാണ്ടർ, ലെക്സസ്സ് ആർ.എക്സ് ഫോർഡ് എഫ് സീരിസിലെ ചില ട്രക്കുകളും മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കഴിയുന്നതും വാഹനങ്ങൾ ഗാരേജിനുള്ളിൽ പാർക്ക്‌ ചെയ്യുക, സ്റ്റിയറിങ് വീൽ ലോക്ക് ചെയ്യുക, വാഹനത്തിൽ എഞ്ചിൻ കണ്ട്രോൾ മോഡ്യൂൾ സ്ഥാപിക്കുക, വെഹിക്കിൾ ഇമൊബിലൈസറും അലാമും സെറ്റ് ചെയ്യുക, ജി. പി. എസ്, മോഷൻ ഡിറ്റെക്ഷൻ ലൈറ്റ്കൾ എന്നിവ ഇൻസ്റ്റാൾ ചെയ്യുക, വീടിനു വെളിയിൽ സർവലൻസ് ക്യാമറ സ്ഥാപിക്കുക എന്നിവ ചെയ്യുന്നതിലൂടെ വാഹന മോഷണം ഒരുപരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് പോലീസ് പറയുന്നു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 613-236-1222 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടേണ്ടതാണ്.