ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനൊരുങ്ങി ബീ.സി

By: 600007 On: Jun 1, 2022, 11:12 PM

 

 

2023 ജനുവരി മുതൽ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവിൽ നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാകുന്ന നിയമഭേതഗതിയുമായി ബ്രിട്ടീഷ് കൊളംബിയ. ഇതോടെ മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിൽ ഇളവുകൾ ലഭിക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ മാറുമെന്ന് ഫെഡറൽ ഗവണ്മെന്റ് പ്രഖ്യാപിച്ചു.

2023 ജനുവരി 31 മുതൽ  പ്രായപൂർത്തിയായവരിൽ ഒപിയോയിഡുകൾ, കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്നുകൾ 2.5 ഗ്രാം വരെ കൈവശം ഉള്ളതായി കണ്ടെത്തിയാലും അറസ്റ്റ് ചെയ്യുകയോ മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ചെയ്യില്ല.

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കുന്നത് ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരവും ധീരവുമായ നടപടിയാണെന്നും കൈവിലങ്ങുകളേക്കാൾ ആരോഗ്യ സംരക്ഷണത്തിന് മുൻ‌തൂക്കം നൽകുക എന്നതാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും വാൻകൂവർ മേയർ കെന്നഡി സ്റ്റുവർട്ട് പറഞ്ഞു.

പ്രാഥമിക, സെക്കൻഡറി സ്കൂൾ മൈതാനങ്ങൾ, ലൈസൻസുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, കനേഡിയൻ കോസ്റ്റ് ഗാർഡ് കപ്പലുകൾ, ഹെലികോപ്റ്ററുകൾ എന്നിവയൊഴികെ ബി.സി.യുടെ അധികാരപരിധിക്കുള്ളിൽ വരുന്ന എല്ലാ സ്ഥലങ്ങളിലും 18 വയസിന് മുകളിലുള്ളവർക്ക്  വ്യക്തിഗത ഉപയോഗ ഇളവ് ബാധകമാണ്. എന്നാൽ ഇളവിനു കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും മരുന്നുകൾ  കുറഞ്ഞ അളവിലാണെങ്കിൽ പോലും കടത്ത്, ഉൽപ്പാദനം, കയറ്റുമതി എന്നിവയ്ക്കുവേണ്ടി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.