മൂന്നു വയസ്സുകാരിയെ 30 മിനിട്ട് തനിയെ കാറിലിരുത്തിയ മാതാവ് അറസ്റ്റില്‍

By: 600084 On: Jun 1, 2022, 5:13 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റണ്‍: മൂന്നു വയസ്സുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത ടാര്‍ജറ്റ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ മാതാവിനെ പോലീസ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മാര്‍സി ടയ്‌ലറാണ്(36) അറസ്റ്റിലായത്.

ഞായറാഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വെ ടാര്‍ജറ്റ് പാര്‍ക്കിംഗ് ലോട്ടിലായിരുന്നു സംഭവം.

സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കുട്ടിയെ തനിയെ കാറില്‍ കണ്ടെത്തി.

മിനിട്ടുകള്‍ക്കുള്ളില്‍ മാതാവു തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ അഞ്ചു മനിട്ടു മാത്രമാണ് സ്‌റ്റോറില്‍ ചിലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. പോലീസിന്റെ വിശദമായ അന്വേഷത്തില്‍ 30 മിനിട്ട് കുട്ടി കാറില്‍ തനിയെയായിരുന്നു എന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് അപകടകരമാം വിധം കാറില്‍ ഒറ്റക്ക് വിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ഹാരിസ്‌കൗണ്ടി ജയിലടച്ചത്. ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം പിന്നീട് അനുവദിച്ചു.

ടെക്‌സസ്സില്‍ ശക്തമായ ചൂട് ആരംഭിച്ചതിനാല്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും, കാറിനകത്തു കുട്ടികളെ തനിയെ വിടരുതെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.