പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടിയ്ക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിരവധി ഭാഷകളിലായി ഏകദേശം 700-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തിയാണ് കെ.കെ. 11 ഭാഷകളിലായി 3,500-ലധികം ജിംഗിളുകൾ അദ്ദേഹം പാടിയിട്ടുണ്ട്.
തഡപ് തഡപ്പ്- ഹം ദിൽ ദേ ചുകേ സനം (1999), തമിഴ് ഗാനം "അപാഡി പോഡു", കാക്ക കാക്കയിലെ "ഉയിരിൻ ഉയിരേ", മിൻസാര കനവിലെ "സ്ട്രോബറി കണ്ണേ" ദേവദാസിലെ "ഡോലാ രേ ഡോല", വോ ലംഹേയിലെ "ക്യാ മുജെ പ്യാർ ഹേ", ഓം ശാന്തി ഓമിലെ "ആങ്കോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജെയ്ൻ", ആഷിഖി 2 ലെ "പിയാ ആയേ നാ", മർഡർ -3 ലെ "മത് ആസ്മ രേ", ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിലെ "ഇന്ത്യ വേൽ", ബജ്രംഗി ഭായിജാനിലെ "തു ജോ മില" എന്നിവയെല്ലാം കെ.കെ യുടെ ജനപ്രിയ ഗാനങ്ങളാണ്. അദ്ദേഹത്തിന് ആറ് ഫിലിംഫെയർ അവാർഡ് നോമിനേഷനുകളും ഒരു ഫിലിംഫെയർ അവാർഡും (സൗത്ത്) ലഭിച്ചിട്ടുണ്ട്.