2023 മുതൽ, വിദേശത്തു നിന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ക്യൂബെക്കിലെ മാതാപിതാക്കൾക്ക് ആരോഗ്യ-സാമൂഹിക സേവന മന്ത്രാലയം വികസിപ്പിച്ച പ്രീപെറേഷൻ പ്രോഗ്രാം നിർബന്ധമാക്കുന്നു . മോൺട്രിയലിൽ തിങ്കളാഴ്ച രാവിലെയാണ് ആദ്യ ഘട്ട അന്താരാഷ്ട്ര ദത്തെടുക്കൽ സംബന്ധിച്ച പ്രിപെറേഷൻ പ്രോഗ്രാം ആരംഭിച്ചത്.
പരിപാടിയിൽ പങ്കെടുക്കുന്ന മാതാപിതാക്കൾക്ക് വേഗത്തിൽ പരിശീലനം പൂർത്തിയാക്കുന്നതിനായി വായനകളും വീഡിയോകളും ചോദ്യാവലികളും ഉൾപ്പെടെ ഒമ്പത് എപ്പിസോഡുകളായി നടത്തുന്ന പ്രിപ്പറേറ്ററി കോഴ്സ് പൂർണ്ണമായും ഓൺലൈനിൽ ആയിട്ടാണ് നടത്തുകയെന്ന് ഗവൺമെൻറ് അറിയിച്ചു.
അന്താരാഷ്ട്ര ദത്തെടുക്കലിന്റെ സങ്കീർണതകൾ പരിഹരിക്കാൻ മാതാപിതാക്കളെ സജ്ജരാക്കുക, ഈ പ്രക്രിയയെക്കുറിച്ച് സ്വയം വിലയിരുത്താൻ അവരെ അനുവദിക്കുക എന്നിവയാണ് പരിപാടിയിലൂടെ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും ശേഷികളും പരിമിതികളും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും തിരിച്ചറിയാനും ദത്തെടുക്കപ്പെട്ട കുട്ടിയുടെ ആവശ്യങ്ങളെയും പ്രത്യേകതകളെയും കുറിച്ച് ബോധവാന്മാരാക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു.