പാന്‍ഡെമിക് സമയത്ത് അപേക്ഷകരില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും, കാനഡയില്‍ പ്രോസസ് ചെയ്യാനുള്ള നെക്‌സസ് ആപ്ലിക്കേഷനുകളുടെ എണ്ണം ഏകദേശം 300,000-മെന്ന് റിപ്പോർട്ടുകൾ. കാനഡയില്‍ നിന്ന് യുഎസിലേക്കും തിരിച്ചും ലോ-റിസ്‌ക് ആയ, മുന്‍കൂട്ടി അംഗീകാരം ലഭിച്ച യാത്രക്കാര്‍ക്കായി ബോര്‍ഡര്‍ ക്രോസിംഗുകള്‍ വേഗത്തിലാക്കുന്നതിന് ആരംഭിച്ച പ്രോഗ്രാമാണ് നെക്‌സസ്. കോവിഡ് മൂലം ഓഫീസുകൾ അടച്ചിരുന്നതിനാൽ ഏകദേശം 295,133 ഓളം നെക്‌സസ് അപേക്ഷകളാണ് പ്രോസസ് ചെയ്യാതെ കെട്ടിക്കിടക്കുന്നതെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പറയുന്നു.
ഏപ്രിൽ 19-ന് അമേരിക്കൻ ഏജൻസി നെക്സസ് എൻറോൾമെന്റ് സെന്ററുകൾ വീണ്ടും തുറന്നെങ്കിലും 2020 മാർച്ചിൽ അടച്ചതിന് ശേഷം കാനഡയിലെ കേന്ദ്രങ്ങൾ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനാൽ കാലാവധി കഴിയുന്നതിനു മുൻപ് കാർഡുകൾ പുതുക്കേണ്ടവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. കാർഡ് സ്റ്റാറ്റസ് പുതുക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ നിവാസികൾക്ക് സ്ലോട്ടുകൾ കുറവുള്ള 12 ഓളം ബോർഡർ കമ്മ്യൂണിറ്റി ഓഫീസുകളിൽ മാത്രമേ അഭിമുഖങ്ങൾ നടത്താൻ കഴിയൂ.