ബ്രൂക്ക്‌ലിന്‍ കാത്തലിക്ക് ചര്‍ച്ചില്‍ നിന്നും 2 മില്യണ്‍ വിലമതിക്കുന്ന സക്രാരി(ഗോള്‍ഡന്‍ ടാമ്പര്‍നാക്കിള്‍) കളവു പോയി

By: 600084 On: May 31, 2022, 5:06 PM

പി പി ചെറിയാൻ, ഡാളസ്.

 

ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിന്‍ സെന്റ് ആഗസ്റ്റിയന്‍ റോമന്‍ കാത്തലിക്ക് ചര്‍ച്ചില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഗോള്‍ഡന്‍ ടാമ്പര്‍നാക്കിള്‍ കളവു പോയതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.

മെയ് 26 വ്യാഴാഴ്ചക്കും ശനിയാഴ്ചക്കും ഇടയിലാണ് ചര്‍ച്ചില്‍ നിന്നും ടാമ്പര്‍നാക്കിള്‍ കളവുപോയതെന്ന് കരുതുന്നു. ചര്‍ച്ച് ആള്‍ട്ടറിലുണ്ടായിരുന്ന ഏയ്ജല്‍ സ്റ്റാച്ച്യു തല അറുത്ത നിലയിലും കാണപ്പെട്ടു. ഹോളി കമ്യൂണിയന്‍  ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്‌സാണ് ടാമ്പര്‍നാക്കില്‍. 18 കാരറ്റ് സ്വര്‍ണ്ണവും, ചുറ്റുപാടും രത്‌നങ്ങള്‍ പതിച്ചതാണ് ടാമ്പര്‍നാക്കിള്‍.

സക്രാരി മോഷ്ടിക്കുന്നതിന് പവര്‍ഫുള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചതായും, സെക്യൂരിറ്റി സിസ്റ്റം തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ തന്നെ ഏറ്റവും വില കൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വെക്കുവാന്‍ മറ്റൊന്നില്ല എന്നാണ് ബ്രൂക്കിലിന്‍ ഡയോസിസ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നത്.

സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ അള്‍ത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. ഈ സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.