സസ്‌ക്കാറ്റൂണിലെ കൗതുകകരമായി പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച വീട്

By: 600002 On: May 31, 2022, 8:31 AM

 

ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനമാണ്. പലരും ഉപയോഗശേഷം പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഏറെ അപകടകരമായ പ്രവൃത്തിയാണ്. എന്നാല്‍ ഉപയോഗശേഷവും പ്ലാസ്റ്റിക്കിനെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നു കാണിച്ചുതരികയാണ്സസ്‌കച്ചവൻ  സ്വദേശിയായ എറിന്‍ ഷിറ. ജാക്ക്ഫിഷ് ലേക്കിലെ 1,600 ചതുരശ്ര അടിയിലുള്ള എറിന്‍ ഷിറയുടെ വീട് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 

വീടിന്റെ പുറംഭാഗം കാണുമ്പോള്‍ ആളുകള്‍ക്കെല്ലാവര്‍ക്കും അശ്ചര്യമാണ്. സാധാരണയായി വീട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവല്ല ഇതെന്ന് എല്ലാവരും ചിന്തിക്കുമെന്ന് എറിന്‍ ഷിറ പറയുന്നു. 

കൗതുകകരമായി ഈ പ്ലാസ്റ്റിക് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും നടത്തിയത് എക്കോപ്ലാസ്റ്റ് സൊല്യൂഷന്‍സ് എന്ന ആല്‍ബെര്‍ട്ടയിലെ ഹോം ബില്‍ഡര്‍ കമ്പനിയാണ്. അപ്‌സൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഫോം കോര്‍ ഉല്‍പ്പാദിപ്പിച്ച്, അതുപയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത്തരം റെസിഡന്‍ഷ്യല്‍ ഘടനകള്‍ നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് എക്കോപ്ലാസ്റ്റ് സൊല്യൂഷന്‍സ് അവകാശപ്പെടുന്നു. ഈ വര്‍ഷം കാനഡയില്‍ സമ്മര്‍ സീസണിന്റെ തുടക്കത്തില്‍ ഐറിന്‍ ഷിറയുടെ വീടുപോലെ ആറോളം വീടുകള്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 

വീട് നിര്‍മിക്കാന്‍ ഏകദേശം 600,000 ത്തിലധികം പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിച്ചത്. ഈസ്‌റ്റേണ്‍ കാനഡയിലെ എക്കോപ്ലാസ്റ്റിന്റെ പാര്‍ട്ണറായ ജെഡി കംപോസൈറ്റ്‌സ് ആണ് പ്ലാസ്റ്റിക് സംസ്‌കരിച്ച് വീട് നിര്‍മിക്കാന്‍ ആവശ്യമായ ഷീറ്റുകള്‍ നിര്‍മിക്കുന്നത്. വീടിന്റെ ഭിത്തികളും മേല്‍ക്കൂരയും നിര്‍മിക്കാന്‍ ആവശ്യമായ കൂറ്റന്‍ പാനലുകളെ ഒരുമിച്ച് ചേര്‍ത്ത് ഒരു മോണോലിത്തിക് ഘടനയിലേക്ക് ലാമിനേറ്റ് ചെയ്യുന്നു. 

പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യ പുതിയതല്ല, മറൈന്‍ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നുള്ള ഫോം കോര്‍ മെറ്റീരിയലുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാര്‍പ്പിട നിര്‍മാണ മേഖലയില്‍ ഇത് പുതിയകാര്യമാണ്. പ്ലാസ്റ്റിക് കുപ്പികള്‍ അലസമായി വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കടന്നതെന്ന് എക്കോപ്ലാസ്റ്റ് മാനേജിംഗ് പാര്‍ട്ണര്‍ കെല്ലി റോജേഴ്‌സ് പറയുന്നു. ആല്‍ബെര്‍ട്ടയില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് കമ്പനിക്ക് ലൈസന്‍സുണ്ട്. കൂടാതെ ഹോം വാറന്റിയും നല്‍കുന്നു. സമ്മര്‍ സീസണില്‍ ആറോളം വീടുകള്‍ കൂടി നിര്‍മിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.