മങ്കിപോക്‌സ്: കോംഗോയില്‍ 9 മരണം 

By: 600002 On: May 31, 2022, 7:28 AM

കോംഗോയില്‍ 9 പേര്‍ മങ്കിപോക്‌സ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. നൈജീരിയയിലും ആദ്യമായി മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മങ്കിപോക്‌സ് രോഗബാധ മറ്റ് രാജ്യങ്ങളിലേക്കു കൂടി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്. 

കോംഗോയില്‍ 465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സങ്കുരു ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ. എയിം അലോംഗോ പറയുന്നത്. പശ്ചിമ, മധ്യ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിത പ്രദേശങ്ങളിലൊന്നാണ് കോംഗോ. ചത്ത കുരങ്ങുകളെയും എലികളെയും മറ്റും ഭക്ഷിക്കുന്നതിലാണ് മങ്കിപോക്‌സ് കൂടുതലായി രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് ഡോ. അലോംഗോ ചൂണ്ടിക്കാണിക്കുന്നു. കാടുകളില്‍ കയറി എലികളുടെയും കുരങ്ങുകളുടെയും ശവശരീരങ്ങള്‍ ഭക്ഷണത്തിനായി ശേഖരിക്കുന്നതു വഴി മങ്കിപോക്‌സ് വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മങ്കിപോക്‌സ് ലക്ഷണമുള്ളവര്‍ ഉടന്‍ ഐസൊലേഷനില്‍ പോകണമെന്നും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 

നൈജീരിയയില്‍ 66 കേസുകളില്‍ 21 എണ്ണം മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. മറ്റ് അസുഖങ്ങളുള്ള 40 വയസ്സുകാരനാണ് നൈജീരിയയില്‍ മങ്കിപോക്‌സ് ബാധിച്ച് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.