ലെത്ത്ബ്രിഡ്ജില്‍ പുതിയ അഗ്രി-ഫുഡ് കോംപ്ലക്‌സ് ആരംഭിച്ചു

By: 600002 On: May 31, 2022, 6:11 AM

ലെത്ത്ബ്രിഡ്ജില്‍ പുതിയ അഗ്രി-ഫുഡ് കോംപ്ലക്‌സ് ആരംഭിച്ചു. ഗ്രീന്‍പീസ് പോലുള്ള പയറുവിളകള്‍ വിളവെടുക്കുന്നതിനുള്ള പുതിയ രീതികള്‍ പരീക്ഷിക്കുക, സംസ്‌കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കനേഡിയന്‍ അഗ്രി ഫുഡ് കമ്പനിയായ പിഐപി ഇന്റര്‍നാഷണലാണ്(PIP International)  പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. യുസിപി സര്‍ക്കാരില്‍ നിന്നും എമര്‍ജിംഗ് ഓപ്പര്‍ച്യുണീറ്റീസ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പിഐപി ഇന്റര്‍നാഷണലിന് ലഭിച്ചു. 

പയര്‍ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കാനഡയിലെ കര്‍ഷകര്‍ കഠിന പരിശ്രമമാണ് നടത്തുന്നത്. കൂടുതല്‍ സമയം ചെലവഴിച്ച് മികച്ച വിളകള്‍ ലഭിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് പുതിയ പ്ലാന്റ് വരുന്നതിലൂടെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനായി സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ലെത്ത്ബ്രിഡ്ജില്‍ ഇത്തരത്തിലൊരു പ്ലാന്റ് ആരംഭിക്കുന്നത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വൈവിധ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ആല്‍ബെര്‍ട്ട അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് മന്ത്രി നേറ്റ് ഹോര്‍ണര്‍ പറഞ്ഞു. 

പ്രോട്ടീന്‍ പ്ലാന്റ് മേഖലയിലെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് പിഐപി ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷാവസാനം ലെത്ത്ബ്രിഡ്ജില്‍ 150 മില്യണ്‍ ഡോളറിന്റെ യെല്ലോ പീ പ്രോസസിംഗ് പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.