കാനഡയിലെ ഏറ്റവും ചെലവേറിയ ഭവന വിപണികളിലൊന്നായ ബീ.സിയിലെ തൊഴിലുടമകൾ തൊഴിലന്വേഷകർക്ക് സൈൻ ഇൻ ബോണസുകൾ മുതൽ, മെച്ചപ്പെട്ട ജോലി സംസ്കാരം, ഫ്ലെക്സിബിളായ ജോലി സമയം പോലുള്ള കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വിവിധ വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജോലികളിൽ വെയര്‍ഹൗസുകളില്‍ അണ്-സ്കില്‍ഡ്, എന്‍ട്രി ലെവല്‍ ജീവനക്കാര്‍ക്ക് സൈൻ ഇൻ ബോണസുകളും, ട്രക്കിംഗ് കമ്പനികള്‍ മുതല്‍ ബീസി ഫെറീസ് വരെയുള്ള സ്ഥാപനങ്ങളില്‍ വിദഗ്ധരായ ട്രേഡ് ജീവനക്കാര്‍ക്കും എക്സിക്യൂട്ടീവുകള്‍ക്കും 500 മുതൽ 5000 ഡോളര്‍ വരെയാണ് ഇന്‍സെന്റീവായി വാഗ്ദാനം ചെയ്യുന്നത്.
സ്വകാര്യമേഖലകള്ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥ മേധാവിത്വം, ജോലി ഭാരം പോലുള്ള വിവിധ കാരണങ്ങളാല്‍ പൊതുമേഖലകളില്‍ വിട്ടുപോകുന്ന ജീവനക്കാരെ സ്വകാര്യ കമ്പനികള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്കി ആകര്‍ഷിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ ആരോഗ്യ മേഖലയിലുൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷവും വേതനവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തൊഴിലില്ലായ്മ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുന്ന ഈ സമയത്ത്, ഫ്ലെക്സിബിളായ ജോലി സമയം, വര്‍ക്ക് ഫ്രം ഹോം, കൂടുതല്‍ അവധി ദിനങ്ങള്‍ തുടങ്ങിയ ജീവനക്കാരുടെ ഡിമാന്‍ഡുകള്‍ ഇപ്പോൾ കമ്പനികൾ കൂടുതലായി പരിഗണിയ്ക്കുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ വേതനം പോലെ തന്നെ പ്രധാനമാണെന്നാണ് പല തൊഴില്‍ദാതാക്കളും കരുതുന്നതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.