ഓർഗാനിക് സ്ട്രോബെറി കഴിച്ചതിനെ തുടർന്ന് യു.എസിലും, കാനഡയിലും ഉപഭോകതാക്കൾക്ക് ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചതായി റിപ്പോർട്ട്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും കാനഡ പബ്ലിക് ഹെൽത്ത് ഏജൻസിയും നടത്തിയ സംയുക്ത വാരാന്ത്യ പ്രസ്താവനയിൽ, മിനസോട്ട, കാലിഫോർണിയ, കാനഡ എന്നിവിടങ്ങളിൽ ആളുകൾ ഫ്രഷ്കാംബോ, എച്ച്.ഇ.ബി ബ്രാൻഡ് സ്ട്രോബെറി കഴിച്ചതിന് ശേഷമാണ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിച്ചു.
മാർച്ച് 5 നും ഏപ്രിൽ 25 നും ഇടയിലാണ് മേൽ പറഞ്ഞ സ്ട്രോബെറി ബ്രാൻഡുകളുടെ വിലപ്പന നടന്നിരിക്കുന്നത്. യു.എസിലും കാനഡയിലുമായി ആൽഡി, ക്രോഗർ, സേഫ്‌വേ, വാൾമാർട്ട്, ട്രേഡർ ജോയ്സ് എന്നീ സ്റ്റോറുകളിൽ ഇവയുടെ വിൽപ്പന നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആൽബെർട്ടയിലെയും സസ്‌കാച്ചെവാനിലെയും കോ-ഓപ് സ്റ്റോറുകളിൽ മാർച്ച് 5നും 9 തിനും ഇടയിലാണ് ഈ ബ്രാൻഡ് സ്ട്രോബെറിയുടെ വില്പന നടന്നിട്ടുള്ളത് .ഇവയുടെ ഷെൽഫ് ആയുസ് കഴിഞ്ഞെങ്കിലും മുൻപ് വാങ്ങി സൂക്ഷിച്ച ഉപഭോക്താക്കൾ അവ നശിപ്പിച്ചു കളയണമെന്ന് അധികൃതർ അറിയിച്ചു.
യു എസിൽ റിപ്പോർട്ട് ചെയ്ത 17 കേസുകളിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഫ്.ഡി.എ അറിയിച്ചു. കാനഡയിലെ 10 കേസുകളിൽ 4 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരൾ രോഗത്തിനും അപൂർവമായി കരൾ തകരാറിനും മരണത്തിനും വരെ കാരണമായേക്കാം. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ച് 15 മുതൽ 50 ദിവസത്തിനുള്ളിലാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത് . ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മഞ്ഞപ്പിത്തം എന്നിവയാണ് ലക്ഷണങ്ങൾ.
ഹെപ്പറ്റൈറ്റിസ് എ വാക്‌സിനേറ്റഡ് അല്ലാത്ത,രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഫ്രഷ്കാംബോ, എച്ച്.ഇ.ബി ബ്രാൻഡ് സ്ട്രോബെറികൾ കഴിച്ച ഉപഭോക്താക്കൾ ഉടൻ തന്നെ ഒരു ഫിസിഷ്യനെ സമീപിക്കണമെന്ന് എഫ്.ഡി.എ അറിയിച്ചു.