കാനഡയിലുടനീളം സ്കിൽഡ് ട്രേഡ് ജോലികളിൽ 25,000-ത്തിലധികം അപ്രന്റീസ്ഷിപ്പ് തസ്തികകൾ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ഏകദേശം 247 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെന്റ്. ചെറുകിട-ഇടത്തരം തൊഴിലുടമകൾക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനം നൽകുന്നതിന് സഹായിക്കുന്ന 13 പ്രോഗ്രാമുകൾക്കായി പുതിയ പദ്ധതി വഴി പണം നൽകുമെന്ന് തൊഴിൽ മന്ത്രി കാർല ക്വാൾട്രോ പറഞ്ഞു.
കൺസ്ട്രക്ഷൻ,മാനുഫാക്ച്ചറിങ് ട്രേഡുകളിൽ 4,000 ആദ്യ വർഷ അപ്രന്റിസുകളെ നിയമിക്കാൻ സഹായിക്കുന്നതിന് കനേഡിയൻ അപ്രന്റീസ്ഷിപ്പ് ഫോറത്തിലേക്ക് 45 മില്യണിലധികം ഡോളർ നൽകുമെന്ന് വാർത്താക്കുറിപ്പിൽ മന്ത്രി അറിയിച്ചു.
2028 ഓടെ കാനഡയിൽ ഏകദേശം 700,000 സ്കിൽഡ് ട്രേഡ് തൊഴിലാളികൾ വിരമിക്കുമെന്നാണ് ഫെഡറൽ ഗവണ്മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കിൽഡ് തൊഴിലാളികളുടെ ആവശ്യം നിറവേറ്റുന്നതിന്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം ശരാശരി 75,000 പുതിയ അപ്രന്റിസുകളെ നിയമിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനേഡിയൻ അപ്രന്റീസ്ഷിപ്പ് ഫോറം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെൽഡർമാർ, ഇൻഡസ്ട്രിയൽ മെക്കാനിക്സ്, ബ്രിക്ക് ലയേഴ്സ്, ബോയിലർമേക്കേഴ്സ് , കുക്ക്, ഹെയർസ്റ്റൈലിസ്റ്റുകൾ എന്നീ സ്കിൽഡ് ജോലികൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യകത എന്നാണ് റിപ്പോർട്ടുകൾ.
വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നിർമ്മാണ വ്യവസായത്തിന് മാത്രം അടുത്ത 10 വർഷത്തിനുള്ളിൽ 309,000 പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നാണ് ബിൽഡ്ഫോഴ്സ് കാനഡ അറിയിച്ചിട്ടുള്ളത്.