നേപ്പാൾ വിമാനാപകടം ; 21 മൃതദേഹങ്ങൾ കണ്ടെടുത്തു

By: 600007 On: May 30, 2022, 8:24 PM

നേപ്പാളിൽ ഞായറാഴ്ച് ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ 21 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നേപ്പാളിലെ പർവതനിരകളിൽ തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് 21 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.  അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് കാഠ്മണ്ഡു വിമാനത്താവള വക്താവ് ടെക് നാഥ് സിതൗള പറഞ്ഞു.

ചില മൃതദേഹങ്ങൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാലും  ലോഹ അവശിഷ്ടങ്ങൾ കൈകൾ കൊണ്ട് നീക്കം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നതിനാലുമാണ് മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വൈകിയത്.

 വിമാനത്തിൽ നേപ്പാൾ പൗരന്മാരെ കൂടാതെ നാല് ഇന്ത്യക്കാരും രണ്ട് ജർമ്മകാരും  മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത് എന്ന് താര എയർ അറിയിച്ചു.  ജർമ്മൻകാർ പടിഞ്ഞാറൻ സംസ്ഥാനമായ ഹെസ്സെയിൽ നിന്നുള്ള ഒരു പുരുഷനും സ്ത്രീയുമാണെന്ന് ജർമ്മൻ വാർത്താ ഏജൻസി ഡി പി എ റിപ്പോർട്ട് ചെയ്തു.

കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ (125 മൈൽ) പടിഞ്ഞാറുള്ള റിസോർട്ട് പട്ടണമായ പൊഖാറയിൽ നിന്ന് പറന്നുയർന്ന വിമാനം ജോംസോമിന് സമീപമുള്ള മുസ്താങ് ജില്ലയിലെ സനോസ്‌വെയറിലാണ്  തകർന്നതെന്ന് സൈന്യം അറിയിച്ചു.  43 വർഷം പഴക്കമുള്ള വിമാനം പൊഖാറയിൽ നിന്ന് രാവിലെ 9:55 നാണ് പുറപ്പെട്ടത്. ഏകദേശം 15 മിനിറ്റിനു ശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടമായിരുന്നു.