കാനഡയില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: May 30, 2022, 11:36 AM

 

വര്‍ഷങ്ങളായി തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കാനഡയില്‍ കുറവായിരുന്നു. എന്നാല്‍ അടുത്തിടെ തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്ത് വര്‍ധിച്ചുവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും കൈത്തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളാണെന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള നിയമനിര്‍മാണം നടത്താനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 

2020 ല്‍ തോക്കിനിരയായത് 8,344 പേരാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 59 ശതമാനവും കൈത്തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ്. ഇത് വളരെ ഗുരുതരമായ കാര്യമാണെന്ന് പോലീസ് പറയുന്നു. തോക്കു നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച നിയമനിര്‍മാണം നടത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നിരോധിത തോക്കുകള്‍ തിരികെ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതി ഉള്‍പ്പെടെയുള്ളവ പരിഗണനയിലാണ്. 

തോക്ക് ചൂണ്ടിയുള്ള കവര്‍ച്ചകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന ആക്രമണങ്ങള്‍. കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. നഗര പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൈത്തോക്കുകള്‍ ഉപയോഗിക്കുന്നവരുള്ളതെന്നാണ് കണക്കുകള്‍ (63 ശതമാനം). അതേസമയം, റൈഫിളുകളും ഷോട്ട്ഗണ്ണുകളും ഗ്രാമപ്രദേശങ്ങളില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. 2020 ല്‍ തോക്ക് ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങള്‍ റെജീന, ബ്രാന്‍ഡ്‌ഫോര്‍ഡ്, ഒന്റാരിയോ, ടൊറന്റോ, സസ്‌കാറ്റൂണ്‍, വിന്നിപെഗ്, വിന്‍ഡ്‌സര്‍ എന്നിവയാണ്.