മൈസ് ക്രൗണ്‍ ഹാള്‍ അമേരിക്കാസ് പ്രൈസ്-2022: നാമനിര്‍ദ്ദേശ പട്ടികയില്‍ കാല്‍ഗരി സെന്‍ട്രല്‍ ലൈബ്രറിയും 

By: 600002 On: May 30, 2022, 10:40 AM


തെക്ക്, വടക്കേ അമേരിക്കയിലെ മികച്ച ബില്‍ഡിംഗുകള്‍ക്ക് ആര്‍ക്കിടെക്ചര്‍ അവാര്‍ഡായ മൈസ് ക്രൗണ്‍ ഹാള്‍ അമേരിക്കാസ് പ്രൈസ് 2022(Mies Crown Hall Americas Prize) സമ്മാനിക്കുന്നതിന്റെ ഭാഗമായി 200 ബില്‍ഡിംഗുകളുടെ നോമിനേഷന്‍ പട്ടിക പുറത്തിറക്കി. കാനഡയില്‍ നിന്ന് കാല്‍ഗരി സെന്‍ട്രല്‍ ലൈബ്രറി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1960 കളില്‍ നിര്‍മിച്ച ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2018 നവംബറിലാണ് പൂര്‍ത്തിയാക്കിയത്. 

സ്‌നോഹെട്ട എന്ന അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ സ്ഥാപനമാണ് ലൈബ്രറി രൂപകല്‍പ്പന ചെയ്തത്. കാല്‍ഗരി മുന്‍സിപ്പല്‍ ലാന്‍ഡ് കോര്‍പ്പറേഷന്‍(സിഎംഎല്‍സി) നിര്‍മാണത്തിന് നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന ലൈബ്രറി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സേവനം വാഗ്ദാനം ചെയ്യുന്നതിനായാണ് ഇത്തരത്തില്‍ കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

240,000 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടത്തില്‍ പൊതുഇടങ്ങള്‍, കമ്യൂണിറ്റി റൂമുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നു. പുതിയ കെട്ടിടത്തോടെ ഏകദേശം 60 ശതമാനം ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.