അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലങ്ങളുടെ സുരക്ഷയ്ക്കായി വരുന്നു റോബോട്ടിക് ബോയ് 

By: 600002 On: May 30, 2022, 9:58 AM


കപ്പലിടിച്ച് തിമിംഗലങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. കൂട്ടിയിടികള്‍ മാത്രമല്ല, വേട്ടയാടലും തിമിംഗലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇപ്പോഴിതാ തിമിംഗലങ്ങളുടെ പ്രത്യേകിച്ച് അപൂര്‍വ്വയിനത്തില്‍പ്പെട്ട നോര്‍ത്ത് അറ്റ്‌ലാന്റിക് റെറ്റ് തിമിംഗലങ്ങളെ കപ്പലുകളുടെ ഇടിയില്‍ നിന്ന് സംരക്ഷിക്കാന്‍ റോബോട്ടിക് ബോയ് സ്ഥാപിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും വേഗത കുറയ്ക്കാനും മറ്റും അപകട മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങളാണ് ബോയ്. കേപ് കോഡ് സയന്‍സ് സെന്ററായ വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രഞ്ച് ഷിപ്പിംഗ് ഭീമന്മാരായ സിഎംഎ സിജിഎമ്മും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കപ്പല്‍ ഗതാഗതം ഏറെയുള്ള അറ്റ്‌ലാന്റിക് സമുദ്ര പ്രദേശത്ത് കാണുന്ന തിമിംഗല വിഭാഗമാണ് അറ്റ്‌ലാന്റിക് റൈറ്റ്. അതിനാല്‍ ഇവയ്ക്ക് കപ്പലുകളിടിച്ചുള്ള അപകടസാധ്യത ഏറെയാണ്. ലോകത്താകെ 340 ല്‍ താഴെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലങ്ങളുള്ളൂവെന്നാണ് കണക്കുകള്‍.  ഇത് മുന്നില്‍ക്കണ്ടാണ് റോബോട്ടിക് ബോയ് എന്ന ആശയവുമായി ഗവേഷകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിര്‍മിക്കുന്ന റോബോട്ടിക് ബോയ്കള്‍ക്കൊപ്പം അണ്ടര്‍വാട്ടര്‍ ഗ്ലൈഡറുകളുമുണ്ടാകും. 

റോബോട്ടിക് ബോയ്കള്‍ക്ക് തിമിംഗലങ്ങളുടെ ശബ്ദം തത്സമയം രേഖപ്പെടുത്താന്‍ കഴിയും. ഈ വിവരങ്ങള്‍ ഉടന്‍ ഗവേഷകരിലെത്തുകയും ശബ്ദത്തിന്റെ ഉറവിടം രേഖപ്പെടുത്തിയ മേഖല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ആ പ്രദേശം റൈറ്റ് വെയില്‍ സ്ലോ സോണായി പ്രഖ്യാപിക്കും. ഈ പ്രദേശങ്ങളിലൂടെ പോകുന്ന കപ്പലുകള്‍ 11.5 mph വേഗതയില്‍ മാത്രമേ പോകാന്‍ പാടുള്ളൂ. ഗവേഷകര്‍ തത്സമയ നിരീക്ഷണം നടത്തി നാവികര്‍ക്ക് സമീപമുള്ള തിമിംഗലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 

നേര്‍ഫോക്ക്, വിര്‍ജിനിയ, സാവന്ന, ജോര്‍ജിയ എന്നിവടങ്ങളിലായി രണ്ട് റോബോട്ടിക് ബോയ്കള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.