ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം മോണ്‍ട്രിയലില്‍ എത്തി

By: 600002 On: May 30, 2022, 8:08 AM


ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ കാനഡയിലെത്തിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി ചാര്‍ട്ടേഡ് ചെയ്ത മൂന്ന് വിമാനങ്ങളില്‍ രണ്ടാമത്തേത് പിയറി എലിയട്ട് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 306 അഭയാര്‍ത്ഥികളും 20 ല്‍ അധികം മൃഗങ്ങളുമായി ഞായറാഴ്ച രാവിലെ 11 മണിക്കാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇവരെ സ്വീകരിക്കാന്‍ നിരവധി പേരാണ് വിമാനത്താവളത്തില്‍ പൂച്ചെണ്ടുകളുമായി എത്തിയത്. 

യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട് കാനഡയിലേക്കുള്ള അടിയന്തര യാത്രയ്ക്ക് അംഗീകാരം ലഭിച്ച യാത്രക്കാര്‍ക്കാണ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 23 ന് 300 ഓളം ഉക്രെയ്ന്‍ അഭയാര്‍ത്ഥികളുമായി ആദ്യ വിമാനം വിന്നിപെഗില്‍ എത്തിയിരുന്നു. ജൂണ്‍ 2 ന് യാത്രക്കാരുമായുള്ള അവസാന വിമാനം ഹാലിഫാക്‌സില്‍ ഇറങ്ങും. 

മോണ്‍ട്രിയലില്‍ ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഹോസ്റ്റ് ഫാമിലികള്‍ ഇല്ലാത്തവര്‍ക്ക് മോണ്‍ട്രിയലിലെ ഹോട്ടലുകളില്‍ താമസ സൗകര്യമൊരുക്കുമെന്ന് ക്യുബെക്ക് ഇമിഗ്രേഷന്‍ മന്ത്രാലയ വക്താവും ഉക്രേനിയന്‍-കനേഡിയന്‍ കൗണ്‍സില്‍ അംഗവുമായ ഒറിസിയ ക്രുക്കോ അറിയിച്ചു.