ഈ വര്‍ഷത്തെ ചുഴലിക്കാറ്റ് സീസണിലെ ആദ്യത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ അഗത, പസഫക്കിന്റെ തെക്കന്‍ തീരത്ത് ഞായറാഴ്ച രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ അഗത ശക്തിപ്രാപിക്കുമെന്നും ചുഴലികൊടുങ്കാറ്റായി മാറി കരയിലേക്ക് നീങ്ങുമെന്നും യുഎസ് നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. മെക്‌സിക്കോയുടെ ടൂറിസ്റ്റ് ബീച്ചുകളിലും പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഹുവാതുല്‍കോ, മസുന്റെ, സിപ്പോലൈറ്റ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനമായ ഓക്‌സാക്കയിലെ പ്യുര്‍ട്ടോ എസ്‌കോണ്ടിഡോയ്ക്കും പ്യുര്‍ട്ടോ ഏഞ്ചലിനും സമീപമുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞോ വൈകീട്ടോടെയോ ചുഴലിക്കാറ്റ് ശക്തിയായി വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അപകടകരമായ രീതിയില്‍ വീശിയടിക്കുന്ന അഗത, നിരവധി നാശനഷ്ടങ്ങളുണ്ടാക്കിയേക്കാമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പ്യുര്‍ട്ടോ ഏഞ്ചലില്‍ നിന്ന് ഏകദേശം 225 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കേന്ദ്രീകരിച്ച അഗത 6mph(9kph) വേഗതയില്‍ വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും 120 mph(193 kph) വേഗതയില്‍ അഗത വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
സലീന ക്രൂസ് തുറമുഖത്തിനും ചക്കാഹുവയ്ക്കും ഇടയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.