കേരളത്തിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തൃശ്ശൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. 47 വയസായിരുന്നു. രണ്ടു ദിവസം മുൻപാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സമാന രോഗലക്ഷണങ്ങളോടെ രണ്ടുപേർ കൂടി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഫ്ലാവി വൈറസിന്റെ ഗണത്തിൽപ്പെട്ട വൈറസ് ആണ് വെസ്റ്റ് നൈൽ. ക്യുലക്സ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഈ രോഗം പകർത്തുന്നത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും രക്തദാനം, അവയവമാറ്റം, മുലയൂട്ടൽ എന്നിവയിലൂടെ പകരാനുള്ള സാധ്യതയും ഉണ്ട്. തലവേദന, പനി, പേശിവേദന, ഓർമ നഷ്ടപ്പെടൽ, തല ചുറ്റൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെസ്റ്റ് നൈൽ രോഗത്തിന് നിലവിൽ പ്രതിരോധ മരുന്നുകൾ ലഭ്യമല്ല.