മങ്കിപോക്‌സ്: 23 രാജ്യങ്ങളിലായി 257 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ

By: 600002 On: May 30, 2022, 6:50 AM

 

വരും നാളുകളില്‍ മങ്കിപോക്‌സ് കേസുകളില്‍ വര്‍ധനവുണ്ടാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇതുവരെ 23 ഓളം രാജ്യങ്ങളിലായി 257 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മങ്കിപോക്‌സ് എന്ന് സംശയിക്കുന്ന 120 ഓളം കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

യുഎസില്‍ വെള്ളിയാഴ്ച വരെ എട്ട് സംസ്ഥാനങ്ങളിലായി 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സെന്റേസ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്ന അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1,365 കേസുകളും 69 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗ വ്യാപനം ഉണ്ടായ രാജ്യങ്ങളില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ  വ്യക്തമാക്കുന്നത്.

പശ്ചിമ, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മങ്കിപോക്‌സ്, യുഎസ്, കാനഡ, യുഎഇ, ഓസ്‌ട്രേലിയ തുടങ്ങി 23 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വസൂരിയുമായി ബന്ധമുള്ള രോഗമാണെങ്കിലും മങ്കിപോക്‌സ് വസൂരിയോളം ഗുരുതരമാകുന്നത് അപൂര്‍വ്വമാണ്. മങ്കിപോക്‌സിന് കാരണമായ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.