നേപ്പാളിൽ 22 പേരുമായി പറന്നുയർന്ന വിമാനം തകർന്ന നിലയിൽ കണ്ടെത്തി

By: 600007 On: May 30, 2022, 12:24 AM

 

 

നേപ്പാളിൽ  22 പേരുമായി പറന്നുയർന്ന വിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന 22 പേരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
  
നേപ്പാളിൽ ആഭ്യന്തര സർവീസുകൾ‌ നടത്തുന്ന താര എയറിന്റെ ചെറു വിമാനമാണ് അപകടത്തിൽ പെട്ടത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ നാലു പേർ ഇന്ത്യക്കാരും രണ്ടു പേർ ജർമൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം ഞായറാഴ്ച് രാവിലെ പറന്നുയർന്ന് 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മേഖലയിലെ മോശം കാലാവസ്ഥയും രാത്രിയായതിനാലും  കാരണം തിരച്ചിൽ പ്രവർത്തനങ്ങൾ തിങ്കളാഴ്ച രാവിലെ വരെ നിർത്തിവെച്ചിരിക്കുകയാണ്.