ആരോഗ്യരംഗത്ത് പുതിയ ഡാറ്റ ഷെയറിങ് രീതി- ആൽബെർട്ട ' കണക്റ്റ് കെയർ ' നാലാം ഘട്ട ലോഞ്ച് പൂർത്തിയായി 

By: 600007 On: May 29, 2022, 10:41 PM

ആൽബർട്ട ഹെൽത്ത്‌ സർവീസസിന്റെ കണക്റ്റ് കെയറിന്റെ നാലാം ഘട്ട ലോഞ്ച് ശനിയാഴ്ച പൂർത്തിയായി. ഇതിന്റെ ഭാഗമായി എഡ്‌മന്റൺ, കാൾഗറി പ്രദേശങ്ങളിൽ നിന്നുള്ള 57 സൈറ്റുകളിൽ നിന്നായി 23,000 ത്തോളം ജീവനക്കാരെയും ഫിസിഷ്യന്മാരെയും ക്ലിനിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രോഗിപരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിനുള്ള നൂതനമാർഗമാണ് കണക്റ്റ് കെയറെന്ന് എ.എച്ച്.എസ് അറിയിച്ചു. കണക്റ്റ് കെയർ ഉപയോഗിച്ച് ഒരു രോഗിയുടെ മെഡിക്കൽ റെക്കോർഡ് ആൽബർട്ടയിലുടനീളമുള്ള പൊതു ക്ലിനിക്കൽ ഇൻഫർമേഷൻ സിസ്റ്റം വഴി ആക്‌സസ് ചെയ്യാൻ കഴിയും.

നാലാം ഘട്ട ലോഞ്ച് വഴി എഡ്മെന്റണിലും കാൽഗറിയിലുമുള്ള  50,000 ത്തിലധികം സ്റ്റാഫുകൾക്കും  ഫിസിഷ്യന്മാർക്കും രോഗി പരിചരണത്തിനായി കണക്റ്റ് കെയർ ഉപയോഗിക്കുവാൻ കഴിയും. മൊത്തം ഒമ്പത് ഘട്ടങ്ങളുള്ള കണക്റ്റ് കെയർ ലോഞ്ചുകൾ കഴിയുമ്പോൾ ആൽബെർട്ടയിലെ ഏകദേശം 150,000 ത്തോളം ജീവനക്കാരും ഫിസിഷ്യന്മാരും ഇതിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്. 2019 നവംബറിൽ ആരംഭിച്ച കണക്റ്റ് കെയർ പ്ലാറ്റ്ഫോം 2024 അവസാനത്തോടെ പൂർത്തിയാക്കുവാനാണ് എ.എച്ച്.എസ് ലക്ഷ്യമിടുന്നത്.