വേദിയിൽ കുഴഞ്ഞു വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

By: 600007 On: May 28, 2022, 7:25 PM

പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍. 

1978ൽ അടൂർ ഭാസി സംവിധാനം ചെയ്ത രഘുവംശം എന്ന സിനിമയിലെ 'വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയിൽ കെ ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. ഒരു കാലത്ത് ഉത്സവപ്പറമ്പുകളില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ട് പരിപാടികൾ ആയിരുന്നു ഇടവ ബഷീറിന്റെ ഗാനമേളയും, വി.സാംബശിവന്റെ കഥാപ്രസംഗവും. 

തിരുവനന്തപുരം ഇടവ സ്വദേശിയായ ബഷീർ കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിലാണ് പഠിച്ചത്. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. ഓള്‍ കേരള മ്യുസീഷ്യന്‍സ്  ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.