ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും സ്‌ട്രോബറി കഴിച്ചവര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ: പിഎച്ച്എസി അന്വേഷണം ആരംഭിച്ചു

By: 600002 On: May 28, 2022, 11:00 AM

ലോകത്ത് വിവിധ രാജ്യങ്ങളിലായി കുട്ടികളില്‍ അജ്ഞാത കരള്‍ രോഗം പടരുന്ന ആശങ്കയ്ക്കിടയില്‍ ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും പുതിയ ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യകളില്‍ സ്‌ട്രോബറി പഴങ്ങള്‍ കഴിച്ചവര്‍ക്കാണ്  ഹെപ്പറ്റൈറ്റിസ്-എ സ്ഥിരീകരിച്ചതായി ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കാനഡ
പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(പിഎച്ച്എസി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഫ്രഷ് ഓര്‍ഗാനിക് സ്‌ട്രോബറികള്‍ കഴിച്ചവര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പിഎച്ച്എസി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിക്കുന്നതിനു മുമ്പ് രോഗബാധിതര്‍ എല്ലാവരും തന്നെ സ്‌ട്രോബറി കഴിച്ചിരുന്നതായി പിഎച്ച്എസി വ്യക്തമാക്കി. 

ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും മെയ് 27 വരെ 10 നും 75 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹെപ്പറ്റൈറ്റിസ് എയുടെ 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 5 നും 9 നും ഇടയില്‍ രണ്ട് പ്രവിശ്യകളിലെയും കോ-ഓപ്പറേറ്റീവ് സ്റ്റോറുകളില്‍ നിന്നാണ് സ്‌ട്രോബറികള്‍ ഇവര്‍ വാങ്ങിയിട്ടുള്ളത്. 

അതേതീയതിയില്‍ വാങ്ങിയ ഫ്രീസ് ചെയ്തിരിക്കുന്ന സ്‌ട്രോബറികള്‍ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് മാസം ആദ്യം വാങ്ങിയ സ്‌ട്രോബറികള്‍ എവിടെ നിന്നാണ് എത്തിയതെന്ന് നിര്‍ണയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവ ഉപേക്ഷിക്കണമെന്നും പിഎച്ച്എസി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാനഡയില്‍ ഇനിമുതല്‍ ഇറക്കുമതി ചെയ്ത ഫ്രഷ് ഓര്‍ഗാനിക് സ്‌ട്രോബറികള്‍ ലഭ്യമായിരിക്കില്ലെന്ന് പിഎച്ച്എസി അറിയിച്ചിട്ടുണ്ട്. 
 
അതേസമയം, ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിപണികളില്‍ നിന്ന് ഏതെങ്കിലും ഭക്ഷ്യോല്‍പ്പന്നങ്ങളോ പച്ചക്കറികളോ, പഴങ്ങളോ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു.