പുതിയതും നിർത്തിവച്ചിരുന്നതുമായ പ്രൊജെക്ടുകൾ ഉൾപ്പെടെ ആല്‍ബെര്‍ട്ടയില്‍ വെള്ളിയാഴ്ച 300-ഓളം ഹൈവേ പ്രോജക്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൊത്തം 1.4 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും തൊഴിലാളികളുടെ ക്ഷാമവും നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വിലയും മുന്നോട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് ആല്‍ബെര്‍ട്ട റോഡ് ബില്‍ഡേഴ്സ് ആന്‍ഡ് ഹെവി കണ്‍സ്ട്രക്ഷന്‍ അസോസിയേഷന് സിഇഒ റോണ്‍ ഗ്ലെന്‍ പറയുന്നു. ഹെവി കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സിന്റെ ക്ഷാമം നേരിടുന്നുണ്ടന്നും ഉയര്‍ന്ന ഇന്ധനച്ചെലവും പ്രോജക്ടുകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരാരംഭിച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 12,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
മൂന്ന് പ്രധാന പദ്ധതികള്‍ സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡെവോണിന് സമീപമുള്ള ഹൈവേ 19 ന്റെ ഇരട്ടപ്പാത, ഫോര്‍ട്ട് സസ്ക്കാച്ചെവനടുത്തുള്ള ഹൈവേ 15 ന്റെ ഇരട്ടപ്പാത, പീസ് നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഡെക്ക് മാറ്റിസ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തീകരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.