ബീസിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും നീണ്ടുനില്‍ക്കുന്ന മഴയെ തുടര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ളതായും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്കി. വാരാന്ത്യത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ശനിയാഴ്ചയ്ക്കുള്ളില്‍ 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നോര്‍ത്ത്, സൗത്ത് പീസ് നദിയുടെ സമീപപ്രദേശങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് നീങ്ങുന്നതിനനുസരിച്ച് മഴ കുറയുമെങ്കിലും ഹഡ്സണ്‍സ് ഹോപ്പിനും ചെറ്റ്വിന്ഡിനും സമീപം ആകെ 60 മില്ലിമീറ്റര്‍ മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഞായറാഴ്ചയോടെ മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീസിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ബള്ക്ലി നദിയിലും അതിന്റെ പോഷകനദികളിലും ഒഴുക്ക് ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.