19 വിദ്യാര്‍ത്ഥികളെയും രണ്ട് അധ്യാപികമാരെയും ദാരുണമായി കൊലപ്പെടുത്തിയ ടെക്‌സസിലെ യുവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ പോലീസിന് കടുത്ത വിമര്‍ശനം. പ്രതി ക്ലാസ് മുറിയില്‍ കടന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളും അധ്യാപകരും 911-ല്‍ ആവര്‍ത്തിച്ച് വിളിച്ച് പോലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് അകത്ത് കയറി കൊലയാളി സാല്‍വദോര്‍ റെയ്‌മോസിനെ വെടിവെച്ചു വീഴ്ത്തിയതെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, റോബ് എലിമെന്ററി സ്‌കൂളിലെ ക്ലാസ് മുറിയില്‍ പ്രവേശിച്ച 18കാരനായ പ്രതിയെ തടഞ്ഞുനിര്‍ത്തിയിട്ടുണ്ടെന്നും കുട്ടികള്‍ക്ക് അപകടസാധ്യതയില്ലെന്നുമാണ് ഡിസ്ട്രിക്റ്റ് പോലീസ് ചീഫ് കരുതിയിരുന്നതെന്ന് ടെക്സാസ് പോലീസ് മേധാവി സ്റ്റീവന്‍ മക്രാവ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. സ്‌കൂളിന്റെ പ്രവേശനകവാടം തുറന്ന് കിടന്നിരുന്നതും, ക്ലാസ് മുറിയിലേക്കുള്ള വാതില്‍ അടയ്ക്കാതിരുന്നതും പ്രതിക്ക് ക്ലാസ്റൂമില്‍ പ്രവേശിക്കുന്നതിന് തടസ്സമായില്ല. പിന്നീട് വാതില്‍ അടച്ചു ക്ലാസിലെ കുട്ടികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
വിവരം ലഭിച്ച് സ്‌കൂളിലെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ റെയ്മോസിനെ പിന്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. അടുത്ത അരമണിക്കൂറിനുള്ളില്‍ 19 ഉദ്യോഗസ്ഥര്‍ പുറത്തെ ഇടനാഴിയിലെത്തി പ്രതിയെ വളഞ്ഞു. എന്നാല്‍ ബോര്‍ഡര്‍ പട്രോള്‍ സംഘത്തിന് തന്ത്രപരമായി ക്ലാസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുന്നതിനായി കൂടുതല്‍ സമയം ആവശ്യമായി വന്നു. ഇതിനിടയില്‍ വെടിവെപ്പ് നടന്നുകഴിഞ്ഞിരുന്നുവെന്നും മക്രോ വിശദീകരിച്ചു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇത്രയും മരണമുണ്ടാകാന്‍ കാരണമെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ടെക്സസ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.